ആകാശം തൊട്ട സ്കൈറൂട്ടും, ഇന്ത്യയുടെ സ്വപ്നപഥവും

2026 ജൂലൈ പതിനെട്ട്. 

22 മീറ്റർ മാത്രം ഉയരമുള്ള ഒരു കുഞ്ഞൻ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം കൈയ്യടിച്ച ദിവസം. മിഷൻ ആഗമൻ എന്നായിരുന്നു ദൗത്യ നാമം. റോക്കറ്റിൻ്റെ പേര് വിക്രം 1. നിർമ്മാണം സ്കൈറൂട്ട് എയറോസ്പേസ്. 


ദൗത്യം നടന്നത് എസ്എൽവി ത്രീയുടെ ആദ്യ വിക്ഷേപണ വിജയത്തിന്റെ വാ‌‌ർഷികത്തിലായത് യാദൃശ്ചികമായിരിക്കാം, പക്ഷേ വിക്രം എന്ന പേര് വിക്രം സാരാഭായ് എന്ന മഹാ മനുഷ്യനോടുള്ള ആദരസൂചകമായി തന്നെയിട്ടതാണ്. ആഗമൻ എന്ന ദൗത്യനാമം ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യ മേഖലയുടെ കടന്ന് വരവിന്റെ വിളമ്പരവും.


വിക്രം 1 നേക്കാള്‍ വലിയ റോക്കറ്റുകള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതിലും സങ്കീർണ്ണ ദൗത്യങ്ങള്‍ ഐഎസ്ആർഒ അതിമനോഹരമായി പൂർത്തിയാക്കിയിട്ടുണ്ട്, ഇനിയും അത് തുടരുകയും ചെയ്യും. എന്നിട്ടും ഈ ചെറു സാങ്കേതിക വിദ്യാ പ്രദ‍ർശന ദൗത്യം ആഘോഷിക്കപ്പെടാൻ കാരണം അത് ഇന്ത്യൻ സ്വകാര്യ മേഖലയുടെ പുത്തൻ കുതിപ്പിന്റെ അടയാളമായത് കൊണ്ടാണ്.


ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ ഐഎസ്ആ‌ർഒയ്ക്ക് മാത്രമല്ല ഞങ്ങള്‍ക്കും ബഹിരാകാശ വിക്ഷേപണം നടത്താൻ പറ്റുമെന്ന ഇന്ത്യൻ സ്വകാര്യ മേഖലയുടെ പ്രഖ്യാപനമായിരുന്നു മിഷൻ ആഗമൻ. എന്ന് വച്ച് ഐഎസ്ആ‌ർഒ അപ്രസക്തമാകുന്നില്ലെന്ന് മാത്രമല്ല ഇന്ത്യൻ സർക്കാ‌ർ ഐഎസ്ആർഒയ്ക്ക് കൂടുതൽ ധനവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാകുകയാണ്.


ആദ്യം സ്കൈറൂട്ടിന്റെ ദൗത്യത്തിലേക്ക് വരാം.


ഐഎസ്ആ‌ർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്ക് 12:06നായിരുന്നു വിക്രം 1 വിക്ഷേപണം. ഇസ്രൊയുടെ മിഷൻ കൺട്രോള്‍ സെന്ററിന് പുറമേ സ്കൈറൂട്ടിന് ജോലി ചെയ്യാൻ പ്രത്യേകമായി മറ്റൊരു കൺട്രോള്‍ സെന്റർ കൂടി ഇസ്രൊ അനുവദിച്ചിരുന്നു. കമ്പനിയുടെ പേരെഴുതിച്ചേ‌ർത്ത കറുത്ത ടീ ഷർട്ട് ധരിച്ച ഒരു പറ്റം യുവാക്കള്‍ കൺട്രോള്‍ സെന്ററിൽ തിങ്ങി നിറഞ്ഞിരിപ്പുണ്ടായിരുന്നു. 


ആദ്യം നിശ്ചയിച്ച സമയത്തായിരുന്നില്ല വിക്ഷേപണം. പതിനൊന്നര എന്ന സമയം കണക്കാക്കി മുന്നോട്ട് പോകുകയായിരുന്ന കൗണ്ട് ഡൗൺ അഞ്ച് മിനുട്ട് ശേഷിക്കേ നിർത്തേണ്ടി വന്നു. സോഫ്റ്റ്‍വെയറിലെ പിഴവായിരുന്നു കുഴപ്പമെന്ന് പിന്നീടറിഞ്ഞു. പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ്, അതിന് പരിഹാരം കണ്ട് സ്കൈറൂട്ട് ടീം അവരുടെ കഴിവും സമ്മർദ്ദങ്ങള്‍ അടിമപ്പെടാതെ പ്രവർത്തിക്കാനുള്ള ധൈര്യവും സമചിത്തതയും രാജ്യത്തിന് കാണിച്ചു തന്നു.

ലോഞ്ച് പാഡ് കടന്ന് കിട്ടിയാൽ തന്നെ വിജയമെന്ന് പറഞ്ഞ് പ്രതീക്ഷയുടെ അമിതഭാരം കുറയ്ക്കാൻ അവർ ശ്രമിച്ചെങ്കിലും അതൊരു അനാവശ്യ പരിശ്രമമായിരുന്നുവന്ന് പിന്നീട് തെളിഞ്ഞു. വിക്ഷേപണം കഴിഞ്ഞ് 16 മിനുട്ട് കൊണ്ട് ലക്ഷ്യമിട്ട ‌450 കിലോമീറ്റർ ഉയരം താണ്ടാനും പേ ലോഡുകളെ ബഹിരാകാശത്തിറക്കി വിടാനും റോക്കറ്റിനായി.

അവരുടെ മൂന്ന് സോളിഡ് മോട്ടർ സ്റ്റേജുകളും ഒടുവിലത്തെ ദ്രവ ഇന്ധനമുപയോഗിക്കുന്ന ഓ‌‌ർബിറ്റൽ അഡ്ജസ്റ്റ്മെന്‍റ് മൊഡ്യൂളെന്ന നാലാംഘട്ടവും സാങ്കേതിക തികവ് തെളിയിച്ചു. ഇടയ്ക്ക് സ്റ്റേജുകളുടെ വേർപ്പെടലിനിടെ ഒന്ന് പേടിപ്പിച്ചെങ്കിലും ആകെ തുക വിജയം തന്നെയായിരുന്നുവെന്നതിൽ സംശയമേ വേണ്ട.


നാല് കുഞ്ഞൻ സാങ്കേതിക വിദ്യാ പ്രദർശന പേ ലോഡുകളും ഒരു ലാബ് നിർമ്മിത വജ്രാഭരണവും, മൂന്ന് ഇത്തിരി കുഞ്ഞൻ പ്രതിമകളും പിന്നെ കുറേ ആശംസാ സന്ദേശങ്ങളുമാണ് ആദ്യ ദൗത്യത്തിൽ സ്കൈറൂട്ട് ബഹിരാകാശത്തേക്കയച്ചത്.

പേ ലോഡുകളുടെ പ്രവർത്തനത്തെക്കുറിച്ച് അധികം വിവരങ്ങള്‍ പിന്നീട് പുറത്തു പറഞ്ഞു കണ്ടില്ല. ഗ്രഹാ സ്പേസിന്റെയും സ്കൈറൂട്ടിന്റെ തന്നെയും കുഞ്ഞൻ ക്യൂബ്സാറ്റുകള്‍ വേർപ്പെടുന്നത് തത്സമയം കാണാനായി. കോസ്മോവേഴ്സിന്റെ റോബോ കൈകള്‍ പ്രവർത്തിച്ചില്ലെന്ന് പിന്നീട് ആ കമ്പനി തന്നെ വെളിപ്പെടുത്തുകയും ചെയ്തു. 


വിക്ഷേപണ ദൗത്യത്തിന് പിന്നാലെ പ്രധാനമന്ത്രി സ്കൈറൂട്ട് സ്ഥാപകരെ വിളിച്ചു.

ഒട്ടും പിശുക്കാതെ സന്തോഷം പങ്കുവച്ചു. ദൗത്യമെല്ലാം കഴിഞ്ഞ് രണ്ട് പേരെയും ഓഫീസിലേക്ക് വിളിപ്പിച്ച് നേരിൽ കാണുകയും ചെയ്തു.


പവൻ കുമാർ ചന്ദനയും, നാ​ഗ ഭാരത് ഡാക്കയും 2018ൽ തുടങ്ങിയ കമ്പനിക്ക് ചുരുങ്ങിയ കാലം കൊണ്ട് ഒരു റോക്കറ്റ് വിക്ഷേപണം നടത്താൻ പറ്റിയത് ചെറിയ കാര്യമേയല്ല. റോക്കറ്റ് ഘടകങ്ങളുടെ നിർമ്മാണത്തിനും പരീക്ഷണത്തിനും അവർ തേടിയ പുതിയ വഴികളും അഭിനന്ദനാർഹം തന്നെ. പക്ഷേ ഇപ്പോഴത്തെ അവരുടെ കെൽപ്പ് കൊണ്ട് മാത്രം ഇന്ത്യൻ സ്വകാര്യ മേഖലയ്ക്ക് ഐഎസ്ആർഒയുടെ ജോലി ചെയ്യാൻ കഴിയില്ല.


ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളിൽ വിക്ഷേപണ വാഹന നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് പ്രധാനികള്‍ സ്കൈറൂട്ടും മദ്രാസ് ഐഐടിയിൽ ജനിച്ച അഗ്നികുൽ കോസ്മോസുമാണ്. ഇരു കമ്പനികളുടെയും ആദ്യ വിക്ഷേപണ വാഹനങ്ങള്‍ ഇസ്രൊയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയേക്കാള്‍ ശേഷി കുറഞ്ഞവയാണ് എന്ന് മറന്ന് പോകരുത്. അഗ്നികുൽ സെമി ക്രയോജനിക് എഞ്ചിൻ വികസവനും, പുനരുപയോഗ സാധ്യതയും എല്ലാം തേടുന്നുണ്ടെങ്കിലും നിലവിൽ അടിസ്ഥാനപരമായി അതൊരു ചെറു വിക്ഷേപണ വാഹനമാണ്. വമ്പൻ വിക്ഷേപണ നടത്താനുള്ള കെൽപ്പ് ഇവർ നേടിയെടുക്കാൻ കാത്തിരുന്നേ പറ്റൂ. അതിന് കഴിവും സാമർത്ഥ്യവും ഇപ്പോഴുള്ളത് ഐഎസ്ആർഒയ്ക്കാണ്, ഐഎസ്ആർഒയ്ക്ക് മാത്രമാണ്.

വമ്പൻ വിക്ഷേപണ വാഹനങ്ങൾ ഉടൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ചില സ്റ്റാർട്ടപ്പുകള്‍ അടുത്തിടെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അവരെ  കണ്ണുമടച്ച് വിശ്വസിക്കാനാകില്ല. ചില അവകാശവാദങ്ങൾ കേട്ടാൽ തലപെരുക്കുകയും ചെയ്യും.



രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങളെ നിർമ്മിക്കാനും ബഹിരാകാശത്തേക്കയക്കാനും ഇന്ത്യയിൽ ഇപ്പോള്‍ പറ്റുക ഇസ്രൊയ്ക്ക് മാത്രം.


പിക്സൽ സ്പേസും, ധ്രുവയും അടക്കം സാറ്റലൈറ്റ് നി‌ർമ്മാണ രംഗത്തും സ്വകാര്യ കന്പനികള്‍ അതിവേഗം വള‌ർന്ന് വരുന്നുണ്ടെങ്കിലും ഇസ്രൊയുടെ ഉപഗ്രഹങ്ങളുമായി ഇപ്പോഴവരെ താരതമ്യം ചെയ്യുന്നത് അധ്യാപകൻ്റെ അറിവിനെ വിദ്യാർത്ഥികളുടെ മനക്കണക്കിന്റെ വേഗവുമായി താരതമ്യം ചെയ്യുന്നത് പോലാകും.



ചന്ദ്രനിൽ പേടമിറക്കാൻ മാത്രമല്ല. കാർട്ടോസാറ്റും, ഓഷ്യൻസാറ്റും, റിസാറ്റും പോലുള്ള ഉപഗ്രങ്ങഹങ്ങള്‍ വികസിപ്പിച്ച് വിക്ഷേപിക്കാനും നിലവിൽ ഐഎസ്ആർഒ മാത്രമേ ഉള്ളൂ. തദ്ദേശീയ ഗതിനിർണ്ണയ സംവിധാനവും ഇസ്രൊയ്ക്ക് മാത്രം നടപ്പാക്കാനാവുന്ന പദ്ധതിയാണ്. സിന്തറ്റിക് അപേർച്ചർ റഡാർ രംഗത്തും, ഹൈപ്പർസ്പെക്ട്രൽ ഇമേജിംഗ് രംഗത്തും സ്വകാര്യ മേഖലയിലെ കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ കാണാതെ പോകുന്നതല്ല. അവർ ഓടിയെത്തും വരെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ കാത്തിരിക്കുമെന്ന് വിചാരിക്കരുത്.


നാവിക് മൃതാവസ്ഥയിലാണ്. കൂടുതൽ ഫണ്ടും ആ പദ്ധതിക്ക് വേണ്ടി മാത്രം കൂടതൽ ആള്‍ബലവും അടിയന്തരമായി അനുവദിക്കേണ്ട സാഹചര്യമാണ്. അടുത്ത ഉപഗ്രഹം വിക്ഷേപണം കാത്തിരിക്കുന്നുവെന്ന് ഏറെ നാളായി കേള്‍ക്കുന്നുവെങ്കിലും അതെപ്പോള്‍ എന്നതിൽ മാത്രം സ്ഥിരീകരണം വൈകുകയാണ്.


പിഎസ്എൽവി പരാജയങ്ങള്‍ക്ക് ശേഷം ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നത് ഒരു സ്വകാര്യ കന്പനിയുടെ റോക്കറ്റാണ്. അതങ്ങനെ ആകേണ്ടിയിരുന്നില്ല. റോക്കറ്റും ഉപഗ്രഹവും തയ്യാറായിട്ടും വൈകുന്ന ദൗത്യങ്ങള്‍ ആർക്കും ഗുണം ചെയ്യുന്നില്ല.


സ്വകാര്യ ബഹിരാകാശ മേഖലയിൽ വൻ സാമ്പത്തിക മുന്നേറ്റം വരും വർഷങ്ങളിലുണ്ടാകുമെന്നതിൽ സംശയമേയില്ല. സ്കൈറൂട്ടിന്റെ വിജയം മടിച്ചു നിന്ന ഒരുപാട് വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെ ബഹിരാകാശത്തിൽ ആകൃഷ്ടരാക്കിയിട്ടുണ്ട്. 

പണമിറക്കാൻ തൽപരകക്ഷികള്‍ തിരക്ക് കൂട്ടിയതിൻ്റെ ഫലമായി സ്കൈറൂട്ട് അടുത്ത ഫണ്ടിംഗ് റൗണ്ടിൽ നിക്ഷേപകരെ ''ഇന്റർവ്യൂ'' ചെയ്ത് തെരഞ്ഞെടുക്കുമെന്നാണ് ഒടുവിൽ കേട്ടത്.


അസാധാരണ ആശയങ്ങളുമായി ഫണ്ടിംഗ് തേടുന്ന ഒരു പറ്റം സ്റ്റാർട്ടപ്പുകള്‍ ബെംഗളൂരുവിലും ഹൈദരാബാദിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. വിക്ഷേപണച്ചെലവിലും സാങ്കേതിക വിദ്യാ വികസനത്തിലും അടക്കം കനപ്പെട്ട സബ്സിഡികള്‍ പ്രഖ്യാപിച്ച് ഇൻ സ്പേസ് അവർക്കെല്ലാം നല്ല വളമിട്ട് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 


പക്ഷേ അത് കൊണ്ട് മാത്രമായോ ? ഇന്ത്യയുടെ അഭിമാനമായി ഐഎസ്ആർഒയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ച ഫണ്ട് എത്രയാണ് ? 55 വർഷത്തിനിടെ ആകെ ഇസ്രൊയ്ക്കായി രാജ്യം ചെലവഴിച്ചത് കേവലം 2 ലക്ഷം കോടി രൂപയിലും താഴെ മാത്രമാണ്. നാസയുടെ വാർഷിക ബജറ്റ് പോലും അതിലധികം വരും. ഐഎസ്ആ‌ർഒയ്ക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം 13,000 കോടിയുടെ പരിസരത്ത് കിടന്ന് കറങ്ങാൻ തുടങ്ങിയിട്ട് വ‌‌‌‌ർഷങ്ങളേറെയായി.


ശാസ്ത്രജ്ഞർക്ക് അവരർഹിക്കുകന്ന ശമ്പളം നൽകാനാകുന്നില്ലെന്ന പരാതി ഇസ്രൊ ചെയർമാൻ സ്ഥാനത്തിരുന്നുവർ പോലും പൊതുമധ്യത്തിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ എഞ്ചിനിയർമാരെ റിക്രൂട്ട് ചെയ്യേണ്ടത് അത്യാവശ്യമായിട്ടും അത് നടക്കുന്നില്ല എന്നതും യാഥാ‌ർത്ഥ്യമാണ്. സ്വകാര്യ മേഖലയിലെ തിളക്കം കണ്ട് സ്വന്തം സ്റ്റാർട്ടപ്പുകള്‍ തുടങ്ങാനും      സ്റ്റാർ്ട്ടപ്പുകളുടെ ഭാഗമാകാനും ഇസ്രൊയിൽ നിന്ന് അനുഭവപരിചയമുള്ള മിടുക്കർ ഇറങ്ങിപ്പോകുന്ന പ്രതിഭാസത്തിന് തുടക്കമായിട്ടിപ്പോള്‍ കുറച്ചധികം കാലമായി.


ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ചിലത് നികത്താൻ അടുത്തിടെ അപേക്ഷ ക്ഷണിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ അത് കൊണ്ട് മാത്രമായില്ല. വിദഗ്ധരെ ഇസ്രൊയിൽ പിടിച്ചു നിർത്തണം. 

അവർ പണം മാത്രം കണ്ട് പോകുന്നവരാണെന്ന് തെറ്റിദ്ധരിക്കുകയുമരുത്. പണത്തേക്കാള്‍ വലുതാണ് പുതിയ മേഖലകളിൽ കൈവയ്ക്കാനും സ്വന്തം മികവിനെ തേച്ച് മിനുക്കാനുമുള്ള അവസരമെന്നും കരുതുന്നവരുണ്ട്.  അവരെ നിരാശരാക്കരുത്.


ഗഗൻയാനും സ്വന്തം ബഹിരാകാശ നിലയവും അടക്കം ഗ്ലാമ‌ർ പദ്ധതികളെക്കാള്‍ ഒട്ടും പ്രാധാന്യം കുറവുള്ളവയല്ല ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലയും ഗതിനിർണ്ണയവും.


സ്കൈറൂട്ടും അഗ്നികുല്ലും കുതിക്കട്ടെ, പിക്സലും ധ്രുവയും ഉപഗ്രഹങ്ങളുണ്ടാക്കട്ടെ, ശിശി‌‌ർ റഡാറും ഗ്യാലക്സ് ഐയ്യും പുതിയ വഴികളിലൂടെ സഞ്ചരിക്കട്ടെ. ഇവരൊന്നും പക്ഷേ ഇസ്രൊയ്ക്ക് പകരമാകില്ല. 


സ്വകാര്യ മേഖല വളരേണ്ടതും ഉയരേണ്ടതും അത്യാവശ്യമാണ്. ഇന്ത്യൻ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ അവ‍ർ വരണം. പുതിയ ആകാശങ്ങള്‍ വെട്ടിപിടിക്കണം. പക്ഷേ ബഹിരാകാശ രംഗം ഒറ്റനാള്‍ കൊണ്ട് വെട്ടിപിടിച്ച് പണമുണ്ടാക്കാൻ പറ്റിയ സാമ്രാജ്യമല്ല. ക്ഷമ ഏറെ വേണ്ടിടമാണ്.

സ്ഥിരോത്സാഹം അത്യാവശ്യമാണ്. സ്വകാര്യ കമ്പനികള്‍ അവരുടെ ലാഭ നഷ്ട കണക്കുകള്‍ക്ക് അടിമപ്പെടും. ദേശീയ ബഹിരാകാശ ഏജൻസികളുടെ അസ്ഥിത്വം കേവലം ലാഭനഷ്ട കണക്കിൽ ഒതുങ്ങുന്നവയല്ല. 


ബാറ്റൺ കൈമാറാൻ ഇത് റിലേ മത്സരമല്ലെന്ന് സർക്കാർ മറന്ന് പോകരുത്. ഇസ്രൊയ്ക്ക് മേലേ പറക്കുന്ന പരുന്തായി ഇൻ സ്പേസ് മാറുകയുമരുത്.


ഒന്നാം വിജയത്തിന്റെ മധുരമറിഞ്ഞ സ്കൈറൂട്ടിനും പുതിയ ഉയരം താണ്ടുന്ന അഗ്നികുലിനും ആശംസകള്‍.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌