ആകാശം തൊട്ട സ്കൈറൂട്ടും, ഇന്ത്യയുടെ സ്വപ്നപഥവും
2026 ജൂലൈ പതിനെട്ട്. 22 മീറ്റർ മാത്രം ഉയരമുള്ള ഒരു കുഞ്ഞൻ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം കൈയ്യടിച്ച ദിവസം. മിഷൻ ആഗമൻ എന്നായിരുന്നു ദൗത്യ നാമം. റോക്കറ്റിൻ്റെ പേര് വിക്രം 1. നിർമ്മാണം സ്കൈറൂട്ട് എയറോസ്പേസ്. ദൗത്യം നടന്നത് എസ്എൽവി ത്രീയുടെ ആദ്യ വിക്ഷേപണ വിജയത്തിന്റെ വാർഷികത്തിലായത് യാദൃശ്ചികമായിരിക്കാം, പക്ഷേ വിക്രം എന്ന പേര് വിക്രം സാരാഭായ് എന്ന മഹാ മനുഷ്യനോടുള്ള ആദരസൂചകമായി തന്നെയിട്ടതാണ്. ആഗമൻ എന്ന ദൗത്യനാമം ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യ മേഖലയുടെ കടന്ന് വരവിന്റെ വിളമ്പരവും. വിക്രം 1 നേക്കാള്‍ വലിയ റോക്കറ്റുകള്‍ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. ഇതിലും സങ്കീർണ്ണ ദൗത്യങ്ങള്‍ ഐഎസ്ആർഒ അതിമനോഹരമായി പൂർത്തിയാക്കിയിട്ടുണ്ട്, ഇനിയും അത് തുടരുകയും ചെയ്യും. എന്നിട്ടും ഈ ചെറു സാങ്കേതിക വിദ്യാ പ്രദർശന ദൗത്യം ആഘോഷിക്കപ്പെടാൻ കാരണം അത് ഇന്ത്യൻ സ്വകാര്യ മേഖലയുടെ പുത്തൻ കുതിപ്പിന്റെ അടയാളമായത് കൊണ്ടാണ്. ഒന്ന് കൂടി തെളിച്ച് പറഞ്ഞാൽ ഐഎസ്ആർഒയ്ക്ക് മാത്രമല്ല ഞങ്ങള്‍ക്കും ബഹിരാകാശ വിക്ഷേപണം നടത്താൻ പറ്റുമെന്ന ഇന്ത്യൻ സ്വകാര്യ മേഖലയുടെ പ്രഖ്യാപനമായിരുന്നു മിഷൻ ആഗമൻ. എന്ന് ...



