ചില ആപ്പ് നിരോധന ചിന്തകൾ

130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കാൻ, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും രാജ്യ സുരക്ഷയ്ക്കും അപകടകരമായ 59 ആപ്പുകളെ നിരോധിക്കുന്നുവെന്നാണ് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് പറഞ്ഞത്. പൂട്ട് വീണവയിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ ആപ്പുകൾ മുതൽ ആരും അധികം കേട്ടിട്ടില്ലാത്ത കുഞ്ഞനാപ്പുകൾ വരെയുണ്ട്. നേരത്തെ അന്താരാഷ്ട്ര തലത്തിൽതന്നെ സ്വകാര്യത ലംഘനത്തിന് നടപടിയും വിമർശനവും നേരിട്ട ആപ്പുകളും ഉണ്ട് കൂട്ടത്തിലെന്നത് ശ്രദ്ധേയമാണ്. ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കത്തിന്‍റെ ജയ പരാജയ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് നിരോധിക്കപ്പെട്ടവയെന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. 

ബൈറ്റ് ഡാൻസിന്‍റെ സ്വന്തം ടിക് ടോക്

ByteDance to set up second entity in India, sources say


നിരോധിക്കപ്പെട്ടവരിലെ പ്രധാനി ടിക് ടോക് തന്നെ. രണ്ടാമൻ ഹലോയും, വ്യത്യസ്തമായ ശൈലി പിന്തുടരുന്ന രണ്ട് സാമൂഹ്യ മാധ്യമങ്ങളുടെയും മാതൃ കമ്പനി ചൈന ആസ്ഥാനമായ ബൈറ്റ് ഡാൻസ്. ലോകത്തിലെ എറ്റവും മൂല്യമുള്ള സ്റ്റാ‌ർട്ടപ്പ് കമ്പനികളിലൊന്നാണ് ബൈറ്റ് ഡാൻസ്. ആദ്യം ഒരൽപ്പം ചരിത്രം നോക്കാം. 2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്‍റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി. ഷാങ്ങ് ഹായ് അധിഷ്ഠിതമായ മ്യൂസിക്കലിയെ ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറുപ്പിച്ചത്, 2017 നവംമ്പർ 9നായിരുന്നു ആ വിഴുങ്ങൽ, 

ഒരു ബില്യൺ അമേരിക്കൻ ഡോളറിനായിരുന്നു ഏറ്റെടുക്കലെന്നാണ് റിപ്പോർട്ട്. രണ്ട് ആപ്പുകളുടെയും ഡാറ്റ ബേസ് സംയോജിപ്പിച്ച് അക്കൗണ്ടുകളെല്ലാം ടിക് ടോക് എന്ന ഒറ്റ ആപ്പിലേക്ക് കേന്ദ്രീകരിച്ചു. 2018 ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി ടിക് ടോക് . ഇപ്പോള്‍ ലോകത്ത് എമ്പാടും 150 രാജ്യങ്ങളില്ലായി 75 ഭാഷകളില്‍ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയെന്ന മാർക്കറ്റ് നഷ്ടപ്പെടുന്നത് ടിക്ക് ടോക്കിന് ഒരു അടി തന്നെയാണ് എന്നാൽ ആകെ ബൈറ്റ് ഡാൻസെന്ന വമ്പന്‍റെ ലാഭ കണക്കുകലിൽ ഇന്ത്യാ മഹാരാജ്യത്ത് ചുവട് നഷ്ടപ്പെടുന്നത് എന്ത് ആഘാതമാണ് ഉണ്ടാക്കുയെന്നത് ഒന്ന് കൂടി വിശകലന വിധേയമാക്കേണ്ടതാണ്.
How TikTok Became The Music Industry's New Fame Machine - Rolling ...

സുന്ദരൻമാരും സുന്ദരിമാരും ഹിറ്റ് പാട്ടുകൾക്കും ഡയലോഗുകൾക്ക് ചുണ്ടനക്കി അഭിനയിക്കുന്ന കൗമാരക്കാരുടെ സ്വകേന്ദ്രീകൃത സൗന്ദര്യ ബോധത്തെയും അടിച്ചുപൊളി മനോഭാവത്തെയും ചൂഷണം ചെയ്യുന്ന വെറും ഒരു ചൈനീസ് ആപ്പെന്ന് തള്ളിക്കളയരുത് ടിക് ടോക്കിന. കൗമാരക്കാരുടെ ദൗ‌ർബല്യങ്ങളെയെല്ലാം ചൂഷണം ചെയ്തും മുതലെടുത്തും കൊണ്ട് തന്നെയാണ് തുടങ്ങിയതെങ്കിലും ഒരു പുത്തൻ ബിസിനസ് മോഡലലിലേക്ക് ടിക് ടോക് കടന്നിട്ടുണ്ട്. 

ടിക് ടോക് ഫോർ സയൻസ്, ടിക് ടോക് ഫോർ എഡ്യുക്കേഷൻ, ടിക് ടോക് ഫോർ ആർട്ട് എന്നൊക്കെ പറഞ്ഞ് സ്വയം വൈവിധ്യവൽക്കരിക്കാനുള്ള ശ്രമത്തിൽ അവ‌ർ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഇന്ത്യയിലെ നിരോധനം ചെറിയ അടി മാത്രമാണ് ടിക് ടോക്കിനെന്ന് തൽക്കാലം അനുമാനിക്കാവുന്നതാണ്. പരസ്യം നൽകാൻ പറ്റിയ പ്ലാറ്റ് ഫോമെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യൻ മാർക്കറ്റിൽ നിന്നുള്ള കൊയ്ത്ത് തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ടിക് ടോക്. 

ഒരു ബില്യൺ നിക്ഷേപവും ഇന്ത്യയിൽ സ്വന്തം ഡാറ്റ സെന്ററും സ്ഥാപിക്കാനിരിക്കെയാണ് നിരോധനം. ഫേസ്ബുക്കും ഇൻസ്റ്റയുമെല്ലാം ഒരൽപ്പം അരികിലേക്ക് മാറ്റി നിർത്തിയ ജനവിഭാഗങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ ടിക് ടോക്ക് ഇടം നൽകിയിരുന്നു, ഇൻസ്റ്റ സമ്പന്നരുടേതും , ഫേസ്ബുക്ക് വയസൻമാരുടേതുമാണെന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് ടിക് ടോക്കിന്റെ കരുത്ത്.

 പല ടിക് ടോക് താരങ്ങളും സമൂഹത്തിന്റെ താഴേ തട്ടിൽ നിന്നുയർന്ന് വന്നരാണ്. അവർക്ക് ടിക് ടോക് പണമൊന്നും നൽകുന്നില്ലെങ്കിലും സ്വന്തം കഴിവുകൾ പുറത്ത്കാണിക്കാനും, അൽപ്പം പ്രശസ്തി നേടാനുമുള്ള ഒരു ഇടം ഒരുക്കി നൽകിയിരുന്നു. ഇനി ഹലോ ആപ്പിലേക്ക് വരാം, 

ചില്ലറക്കാരനല്ല ഹലോ

Helo - Discover, Share & Communicate – Apps on Google Play

ഫേസ്ബുക്ക് ട്വിറ്റർ രൂപത്തിൽ ടെക്സ്റ്റ് , വീഡിയോ പോസ്റ്റുകളുള്ള പരമ്പരാഗത സോഷ്യൽ മീഡിയാ ആപ്പാണ് ഹലോ ഒറ്റനോട്ടത്തിൽ. ഹലോ ഹോൾഡിംഗ്സ് ലിമിറ്റഡാണ് ഹലോ ആപ്പിൻ്റെ ഉടമകൾ. ഹലോ ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ മാതൃകമ്പനിയും ബൈറ്റ് ഡാൻസ് തന്നെ. 

2018 ജൂണിലാണ് ഹലോ ഇന്ത്യയിലെത്തുന്നത്. പ്രാദേശിക ഭാഷകളിൽ ശ്രദ്ധ പതിപ്പിച്ചായിരുന്നു മുന്നേറ്റം. 14 ഇന്ത്യൻ ഭാഷകളിൽ ആപ്പ് ലഭ്യമായിരുന്നുവെന്നത് പ്രാദേശിക വത്കരണത്തിന് ആപ്പ് നൽകിയിരുന്ന ശ്രദ്ധയുടെ തെളിവാണ്. ഈ പ്രാദേശിക വത്കരണമാണ് ഹലോയുടെ കുതിപ്പിന് ബലം പകർന്നത്. ഇത്രയും പറഞ്ഞത് വലിയ മീനുകളെ പറ്റി, ഈ രണ്ട് സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാത്തവർ പോലും എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടായേക്കാവുന്ന ആപ്പുകളുടെ നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ. 

പ്രിയപ്പെട്ട ഷെയറിറ്റും, എക്സ് സെൻഡറും

Xender - Share Music&Video,Photo,File, Status Save – Apps on ...SHAREit - Connect & Transfer on the Mac App Store

അതിൽ പ്രമുഖർ ഷെയറിറ്റും, എക്സ് സെനഡർ വലിയ വലിയ ഫയലുകൾ സുഖമായി കൈമാറാൻ ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഷെയറിറ്റും എക്സ് സെൻഡറും. സിനിമകളും, പാട്ടുകളുമെല്ലാം, ഫോട്ടോകളും ഒക്കെ പങ്കുവയ്ക്കലായിരുന്നു ഇവരുടെ മെയിൻ. ഒരു പക്ഷേ നിരോധിക്കപ്പെട്ടെങ്കിലും ഇനിയുമേറെ കാലം ഉപയോഗിക്കപ്പെടാൻ പോകുന്ന ആപ്പുകൾ ഇവയായിരിക്കും. ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് വിവരം കൈമാറുന്നത് വൈഫൈയും ബ്ലൂട്ടൂത്തുമൊക്കെ വഴിയായതിനാൽ പുതുതായി ഡൗൺ ലോഡ് ചെയ്യാൻ കഴിയില്ലെങ്കിലും നിലവിൽ ഫോണിൽ ഈ ആപ്പ് ഉപയോഗിക്കുന്നവ‍ർക്ക് അത് തുടരാൻ പറ്റേണ്ടതാണ്. 

യൂ ക്യാമും നിരോധിച്ചു


ഫോട്ടോ എ‍ഡിറ്റ് ചെയ്ത് സുന്ദരമാക്കുന്ന കാക്കത്തൊള്ളായിരം ആപ്പുകളുണ്ടെങ്കിലും യൂ ക്യാമിന് സുന്ദരൻമാരുടെയും സുന്ദരിമാരുടെയും മനസിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. യൂ ക്യാമിലെ ഓഫ് ലൈൻ ഫീച്ചറുകളും തുടർന്നുപയോഗിക്കാമെങ്കിലും, നിരോധനത്തോട് കൂടി ഇനി സെക്യൂരിറ്റി അപ്ഡേറ്റുകളടക്കം നിലക്കുന്ന സാഹചര്യമായതിനാൽ ഈ ആപ്പുകൾ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. ഇനി നോക്കേണ്ടത് നിരോധിക്കപ്പെട്ടവരുടെ അടുത്ത സംഘത്തെയാണ്. 


യുസിയും ക്യാം സ്കാനറും നമ്മള് വിചാരിച്ച പോലെയല്ല സാർ

UC Browser Removed From Google Play Store, Here's the Reason ...
യുസി ബ്രൗസറും , ക്യാം സ്കാനറും, യുസി ബ്രൗസറും, ഡിയു ആപ്പുകളും, ചീറ്റാ മൊബൈലിന്റെ ക്ലീൻ മാസ്റ്റ‍‍‍‌‍ർ കുടുംബത്തിൽ പെട്ട ആപ്പുകളുമെല്ലാം നേരത്തെ തന്നെ ഉപഭോക്താവിന്റെ സ്വകാര്യ ലംഘിക്കുന്നവയായി പരാതി നേരിടുകയും നടപടി നേരിടുകയും ചെയ്തവാണ്. ചൈനീസ് സെ‍ർച്ച് എൻജിൻ ഭീമനായ ബൈഡുവിൽ നിന്ന് ഉപോൽപ്പന്നമായി പുറത്ത് വന്ന ഡു വിന്റെ ആപ്പുകൾ നേരത്തെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഫോട്ടോയും ഡോക്യുമെന്റുമെല്ലാം എളുപത്തിൽ സ്കാൻ ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ക്യാം സ്കാനറിനെ 2019ൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കിയതും സുരക്ഷാ പ്രശ്നങ്ങൾ കൊണ്ട് തന്നെയായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഇവ തിരിച്ചെത്തുകയായിരുന്നു. 

യുസി ബ്രൗസ‌‌ർ ആള് ചില്ലറക്കാരനല്ല. 2009 മുതൽ ഇന്ത്യയിൽ സജീവമായ യുസി ബ്രൗസറിന് വലിയ ആരാധക പിന്തുണയുണ്ട്. ഗൂഗിൾ ക്രോം അടക്കി ഭരിക്കുന്ന മൊബൈൽ ബ്രൗസർ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി, ക്രോമിന് ഇതിനേക്കാൾ പതിന്മടങ്ങ് ഉപഭോക്താക്കളുണ്ടെങ്കിലും ഈ രണ്ടാം സ്ഥാനം അത്ര ചെറുതല്ല. പ്രസിദ്ധമായ ആലി ബാബ ഗ്രൂപ്പിന്റെ ഉത്പന്നമാണ് യുസി എന്ന് കൂടി ഓ‍‌‌ർക്കണം. 

നിരോധിക്കപ്പെട്ട 'ഉപകാരികൾ'

ഒരു ഫോണിൽ രണ്ട് വാട്സാപ്പ് കൊണ്ട് നടക്കുന്നത് പോലെയുള്ള ചെറുതെന്ന് തോന്നാവുന്ന വലിയ കാര്യങ്ങളിൽ സഹായിച്ചിരുന്ന ആപ്പായിരുന്നു പാരലൽ സ്പേസ്, എറ്റവും നല്ല ആൻഡ്രോയ്ഡ് ഫയൽ മാനേജ‍‌ർ എന്ന് പേരെടുത്ത ആപ്പായിരുന്നു ഇഎസ് ഫയൽ എക്സ്പ്ലോറർ‍, ഈ ആപ്പും ഇടക്കാലത്ത് വിവാദങ്ങളിൽ പെട്ടിരുന്നു. ഇന്ത്യൻ മൊബൈൽ ഫോൺ മാർക്കറ്റിലെ നിലവിലെ രാജാക്കൻമാരായ ഷവോമിക്കും ഒരു ചെറിയ അടി കൊടുത്തിട്ടുണ്ട് നിരോധനത്തിൽ. 

ഷവോമിയെ തല്ലിയോ ? അതോ നൈസായിട്ട് രക്ഷിച്ചോ ?

എം ഐ കമ്മ്യൂണിറ്റി ആപ്പും, എം ഐ വീഡിയോ ചാറ്റ് ആപ്പുമാണ് പട്ടികയിൽ ഉള്ളത്, ഇത് ഒരു മുന്നറിയിപ്പാണോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. 

ഫൈനൽ പോയിന്‍റ്

നേരത്തെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്നുവെന്ന് പരാതിയുയർന്നിട്ടുള്ള ആപ്പുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത് പക്ഷേ ചില ചോദ്യങ്ങൾ അപ്പോഴും ബാക്കിയാണ്. ഇത് നേരത്തെ ആവാമായിരുന്നില്ലേ. ഈ 59 ആപ്പുകളോളമോ അതിനേക്കാളോ ഗുരുതര പ്രശ്നങ്ങൾ ഉള്ള ആപ്പുകൾ വേറെയുമില്ലേ. ഈ ആപ്പുകളിൽ ഇപ്പോൾ ശേഖരിച്ച് വച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾക്ക് എന്ത് സംഭവിക്കും. ചോദ്യങ്ങൾ ഒരുപാടുണ്ട്. 


വാൽക്കഷ്ണം

നിരോധിച്ച ആപ്പൊക്കെ ഇപ്പ ഡിലീറ്റണം ഇല്ലേൽ അറസ്റ്റ് ചെയ്യുമെന്ന് വാട്സാപ്പ് അമ്മാവൻ മാർ പറഞ്ഞാ വിശ്വസിക്കണ്ട. ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഉത്തരവൊന്നുമില്ല, എന്ന് കരുതി വച്ചോണ്ടിരിക്കണ്ട. സെക്യൂരിറ്റി അപ്ഡേറ്റ് നിലച്ച ആപ്പ് ചീഞ്ഞ ഫു‍ഡിനേക്കാൾ ഭയാനകം.....

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌