മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ട് 51 വർഷം; അപ്പോളോ 11 ചരിത്രവും രാഷ്ട്രീയവും | Looking back at apollo 11 | Podcast Episode 1
ശാസ്ത്രം സാങ്കേതികം പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിലേക്ക് സ്വാഗതം.
ഇന്ന് ജൂലൈ 20, ഒരു മനുഷ്യൻ ആദ്യമായി ചന്ദ്രനെ തൊട്ട ദിവസം. അതെ, അപ്പോളോ 11 ലൂടെ നാസ ചരിത്രമെഴുതിയിട്ട് ഇന്നേക്ക് 51 വർഷം. 1969 ജൂലൈ 20ന് ചന്ദ്രനിലെ വിജനമായ sea of tranquilityൽ കാൽ പതിപ്പിച്ച് കൊണ്ട് നീൽ ആംസ്ട്രോങ്ങ് പറഞ്ഞു...
മാനവ ചരിത്രത്തിൽ ഈ വാക്കുകൾക്കുള്ള സ്ഥാനം അനിർവചനീയമാണ്. കമാൻഡർ നീൽ ആംസ്ട്രോങ്ങ്, ലൂണാർ മൊഡ്യൂൾ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ, കമാൻഡ് മൊഡ്യൂൾ പൈലറ്റ് മൈക്കിൾ കോളിൻസ്. ഇവർ മൂന്ന് പേരുമായിരുന്നു അപ്പോളേ 11 ക്രൂ. ഭൂമിക്ക് പുറത്തൊരു ഗോളത്തിൽ ആദ്യമായി കാൽച്ചുവട് പതിപ്പിച്ച മനുഷ്യനെന്ന അപൂർവ്വ നേട്ടം നീൽ ആംസ്ട്രോങ്ങിന് മാത്രമായി സ്വന്തമായി. എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിലൂടെ നടക്കുവാനുള്ള അപൂർവ്വ ഭാഗ്യം സിദ്ധിച്ചു. കൂട്ടുകാർ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്പോൾ സംഘത്തിലെ മൂന്നാമൻ മൈക്കിൾ കോളിൻസ് കമാൻഡ‍് മൊഡ്യൂളിൽ ചന്ദ്രനെ വലം വയ്ക്കുകയായിരുന്നു.
രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങി ചരിത്രം കുറിക്കുമ്പോൾ ഏകാന്തതയിൽ ചന്ദ്രനെ വലം വയ്ക്കാൻ മൂന്നാമൻ നിയോഗിക്കപ്പെടേണ്ടത് അനിവാര്യതയായിരുന്നു. കൂട്ടാളികൾ തിരിച്ചു വന്നില്ലെങ്കിൽ ഈ ദൗത്യത്തിനിറങ്ങി പുറപ്പെട്ട് ജീവനോടെ തിരികെയെത്തുന്ന ഏക മനുഷ്യനായിത്തീരുന്ന അവസ്ഥയെക്കുറിച്ചായിരുന്നു ആ സമയമെല്ലാം ആലോചിച്ചതെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി.
ഇത്രയും നമ്മുക്കെല്ലാം അറിയുന്ന കഥ, ഇനി ഒരൽപ്പം ചരിത്രവും രാഷ്ട്രീയവും പറയാം....
അന്നേ വരെ ബഹിരാകാശ രംഗത്തെ ഓരോ വളവിലും തിരിവിലും തങ്ങളെ തോൽപ്പിച്ച സോവിയറ്റ് യൂണിയനോട് അമേരിക്കയുടെ മധുരപ്രതികാരം കൂടിയായിരുന്നു അപ്പോളോ.
ശാസത്രരംഗത്തെ കുതിച്ചുചാട്ടമെന്നും വിപ്ലവവമെന്നുമെല്ലാമായിരുന്നെങ്കിലും അപ്പോളോ ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു. സോവിയറ്റ് യൂണിയൻ എന്ന കമ്മ്യൂണിസ്റ്റ് സ്റ്റേറ്റിന് മേൽ അമേരിക്ക നേടിയ വിജയം. ജോൺ എഫ് കെന്നഡി എന്ന രാഷ്ട്രീയക്കാരന്‍റെ വിജയം . 1969 ജൂലൈ 20ലെ ആ ഒരു നിമിഷത്തിലേക്കുള്ള യാത്ര യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നിന്നാണ്. 1962 സെപ്റ്റംബർ 12ന് ഹൂസ്റ്റണിലെ റൈസ് ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് ജോൺ എഫ് കെന്നഡി നടത്തിയ ആ പ്രസംഗം.
" We choose to go to the Moon! We choose to go to the Moon...We choose to go to the Moon in this decade and do the other things, not because they are easy, but because they are hard; because that goal will serve to organize and measure the best of our energies and skills, because that challenge is one that we are willing to accept, one we are unwilling to postpone, and one we intend to win, and the others, too."
ഈ ദശാബ്ദത്തിൽ തന്നെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് ജോൺ എഫ് കെന്നഡി പ്രസംഗിക്കുന്നത് കേട്ട് പൊതു സമൂഹം മാത്രമല്ല, നാസയിലെ ശാസ്ത്രജ്ഞർ പോലും ഞെട്ടിപ്പോയെന്ന് പിന്നീട് എഴുതപ്പെട്ടു. വെല്ലുവിളി ചെറുതായിരുന്നില്ല.
ആദ്യമായി ഒരു കൃത്രിമ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയൻ, ആദ്യമായി ചന്ദ്രനിൽ ഉപഗ്രഹമെത്തിച്ചതും സോഫ്റ്റ് ലാൻഡിംഗ് നടത്തിയതും സോവിയറ്റ് യൂണിയൻ. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതും സോവിയറ്റ് യൂണിയൻ. യൂറി ഗഗാറിൻ ബഹിരാകാശത്ത് ചെന്ന് 23 ദിവസത്തിന് ശേഷം അലൻ ഷെപ്പേർഡും ബഹിരാകാശത്തെത്തിയെങ്കിലും ആദ്യമെത്തുക എന്ന ബഹുമതി ഗഗാറിനും സോവിയറ്റ് യൂണിയനും സ്വന്തമാക്കിയിരുന്നു. എന്നും എപ്പോഴും ഒന്നാമതായിരിക്കുക എന്ന അമേരിക്കൻ സ്വപ്നത്തിന് കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ പ്രഹരം മറികടക്കാൻ ചന്ദ്രനിലാദ്യമെത്തുന്നതിനേക്കാൾ നല്ല പ്രതിവിധിയുണ്ടായിരുന്നില്ല.
അവർ അത് സാധിച്ചെടുക്കുക തന്നെ ചെയ്തു. അവിശ്വസനീയമായ രീതിയിൽ അമേരിക്ക ചാന്ദ്ര പദ്ധതിക്കായി പണമൊഴുക്കി. 1960നും 1973നും ഇടയിൽ ചാന്ദ്രപദ്ധതിക്കായി ചെലവിട്ടത് 28 ബില്യൺ ഡോളറാണ്. ഇന്നത്തെ വിനിമയ നിരക്കിൽ അത് 239 ബില്യൺ ഡോളറിലധികം വരും. ഇത്രയും തുക ചാന്ദ്ര പദ്ധതിക്ക് വേണ്ടി ചിലവിടുന്നതിനെതിരെ സ്വാഭാവികമായ പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും അമേരിക്ക പിന്നോട്ട് പോയില്ല. ഫലം ചന്ദ്രനിൽ അമേരിക്കൻ കൊടി പാറി. ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ചവരെന്ന ഖ്യാതി ഇന്നും അമേരിക്കയുടെ മാത്രം സ്വകാര്യ അഹങ്കാരമായി അവശേഷിക്കുന്നു. എന്നാൽ ചന്ദ്രനിൽ അമേരിക്കൻ പതാക സ്ഥാപിക്കുന്നത് കാണാനുള്ള ഭാഗ്യം കെന്നഡിക്കുണ്ടായില്ലെന്നതാണ് ചരിത്രത്തിലെ വിരോധാഭാസം.1963 നവംമ്പർ 22ന് ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ടു.
ആംസ്ട്രോങ്ങിന്റെ പിൻഗാമികൾ
ആംസ്ട്രോങ്ങിനും ആൽഡ്രിനിനും ശേഷം 10 പേർകൂടി ചന്ദ്രോപരിതലത്തിലൂടെ നടന്നു. 1972 ഡിസംബർ 11ന് അപ്പോളോ 17 ദൗത്യത്തിൽ ചന്ദ്രനിലിറങ്ങിയ യുജീൻ സെർനാനും, ഹാരിസൺ ജാക്ക് ഷ്മിറ്റും 3 ദിവസത്തിന് ശേഷം മടങ്ങിയതിൽ പിന്നെ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല. കാലത്തിന്‍റെ കുത്തൊഴുക്കിൽ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായി, അമേരിക്കയും നാസയും ബഹിരാകാശ ഗവേഷണത്തിന്‍റെ പര്യായങ്ങളായി സ്വയം അവരോധിച്ചു.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചാന്ദ്ര ദൗത്യങ്ങൾ ചർച്ചയാകുകയാണ്. അപ്പോളോ നിർത്തിയിടത്ത് നിന്ന് ആർട്ടിമിസിന് തുടക്കം കുറിക്കുകയാണ് നാസ. ചന്ദ്രൻ വഴി ചൊവ്വയാണ് ലക്ഷ്യം.
സ്പേസ് എക്സും, ബ്ലൂ ഒറിജിനും, ഡ്രേപ്പർ ലാബ്സും, ഐസ്പേസും അടക്കം ഒരു ഡസനിലധികം സ്വകാര്യ കമ്പനികളും ചന്ദ്രനെ സ്വപ്നം കാണുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഈ പുതിയ ഓട്ടമത്സരത്തിൽ പിന്നാലെയുണ്ട്. ചാങ്ങ് ഇ അഞ്ചിലൂടെ ചൈന അടുത്ത ദൗത്യത്തിനൊരുങ്ങുകയാണ്. ഒന്ന് കാലിടറിയെങ്കിലും ചന്ദ്രയാൻ ഇപ്പോഴും ഭാരതത്തിന്‍റെ സ്വപ്നമാണ്. പഴയ പ്രതാപവും വീര്യവുമില്ലെങ്കിലും ലൂണഗ്ലോബ് പദ്ധതിയിലൂടെ ചന്ദ്രനെ സ്വന്തമാക്കാനും അവിടെ സ്ഥിരം നിലയം പണിയാനും റഷ്യയും കോപ്പ് കൂട്ടുന്നു. നമ്മുക്ക് കാത്തിരിക്കാം വീണ്ടും മനുഷ്യൻ ചന്ദ്രനെ തൊടുന്ന നാളിനായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ