കഥയില്ലാ കഥ - ഒന്നാം ഭാഗം - 'ഓൻ'
ഇനിയെഴുതാൻ പോകുന്നത് കഥയില്ലാത്തവന്റെ കഥയാണ്. ഒരു കഥയുമില്ലാത്ത ഒരുവന്റെ കഥ.
ആ കഥ ഈ കഥ കഥയില്ലാ കഥ.
കാണാ കഥ. കേൾക്കാ കഥ എഴുതാകഥ
പറയാ കഥ അറിയാ കഥ കഥയില്ലാകഥ
കഥ തുടങ്ങുന്ന് കണ്ണൂര് നിന്നാണ് കണ്ണൂരെന്ന് പറഞ്ഞാ അതന്നെ വെട്ടിനും കുത്തിനും ‘ പേരുകേട്ട‘ കണ്ണൂര് നിന്ന്. ഒരുവൻ അവനെക്കാൾ ഭാരമുള്ള ഒരു ബാഗും തൂക്കി നടക്കുവാണ്… കഥാ നായകൻ. അല്ല നായകനല്ല. അതെന്തായാലുമല്ല. തൽക്കാലം നമ്മുക്കിവനെ ഓൻ എന്ന് മാത്രം വിളിക്കാം..
ഓനാള് ജോറാണ് കേട്ടുവാ. ഭയങ്കരനാണവൻ. ഓടാനും ചാടാനും പണ്ടേ മോശാണ്. മാർക്കൊക്കെ വാങ്ങുവേലും പ്രായോഗിക ബുദ്ധി ഒരു വല്ലാത്ത ബുദ്ധിയാണ്. ചെലപ്പോ ഞെട്ടിക്കും..അല്ലാത്തപ്പോ….അപ്പഴും ഞെട്ടിക്കും….
ഓൻ ഇങ്ങനെ ബാഗും തൂക്കി നിൽക്കുവാണ്. ബാഗെന്ന് വച്ചാൽ ഒരൊന്നൊന്നര ബാഗാണ് കേട്ടുവാ.. അകത്ത് വാദ്യമാണ്. ന്ന് വച്ച് ആള് വല്യ വാദ്യക്കാരനാണെന്ന് വിചാരിക്കരുത്. വാദ്യമറിയാം. അൽപ്പസ്വൽപ്പം വായിക്കും പക്ഷേ അത്ര തെളിച്ചമൊന്നുമില്ല. മത്സരം കഴിഞ്ഞുള്ള വരവാണ്. സ്വാഭാവികമായും രണ്ടാമനാണ്. ഈ ഒന്നാമനാവുക നടക്കാത്ത പരിപാടിയാണേ.. പക്ഷേ ഇതിൽ രണ്ടാമതായിപ്പോയതിന്റെ ഒരു വിഷമവും ഓനില്ല. ഒരു രസം അയിനപ്പുറം എന്ത് മത്സരം.
വാദ്യം തൂക്കി തൂക്കി നല്ല തോള് വേദനയുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെയാണ് ഓന്റെ നിൽപ്പ്. നാട്ടിലേക്കുള്ള ബസിലിരിക്കുമ്പോ എന്തൊക്കെ ആലോയിക്കണമെന്നാണ് ആളുടെ ആലോചന. ഹോ ന്താ അല്ലേ. ബസിലിരിക്കുമ്പോ ആലോയിക്കണ്ട കാര്യം ബസ് കാത്ത് നിൽക്കുമ്പോ ആലോയിക്കുവാണ്.
ബസ് വന്നു. തൂങ്ങി പിടിച്ച് കയറി. വാദ്യം മടിയിൽ വച്ചു. ഇനിയാർക്കും അടുത്തിരിക്കാൻ പറ്റൂല. സീറ്റ് മുഴുവൻ വാദ്യം കീഴടക്കി. അങ്ങനെയായാൽ എങ്ങനെയാ… കുറ്റബോധം പണ്ടേ മെയിനായോണ്ട്. വാദ്യം കുത്തനെ വച്ച് കാല് വേദനിപ്പിച്ച് ഓൻ മാതൃകയായി. ഹൌ ന്തൊരു സഹജീവി സ്നേഹമാണ് ഓന്.
പോക്കറ്റിലെ പലക ഒരു വിധം എടുത്ത് അവൻ ബസ് കിട്ടിയെന്ന വിവരം വീട്ടിലറിയിച്ചു. ആലോയിക്കാൻ കൂട്ടി വച്ച കാര്യങ്ങളിലേക്കൊന്നും പോകാതെ കണ്ണൂർ ബസുകളുടെ സിഗ്നേച്ചറായ പാട്ട് പെട്ടിയുടെ മുഴക്കമാസ്വദിച്ച് മെല്ലെ കണ്ണടച്ചു. ഉറക്കം ഓൻ്റൊരു വീക്ക് നെസ് ആയിരുന്നു.
വളപ്പട്ടണം പുഴയ്ക്ക് മീതെ പാലത്തിലൂടെ ബസോടിയപ്പോ ഒന്ന് കുളിര് കോരി.എണീറ്റു. അയ്യോ സ്കൂള് കടന്ന് പോയല്ലോന്ന് ആവലാതിപ്പെട്ടു. അതെപ്പോഴും അങ്ങനെയാണ് വളപട്ടണം പാലം കയറുന്നതിന് കുറച്ച് മുമ്പായിട്ടാണ് 10 വരെ പഠിച്ച സ്കൂള്. എന്നും കണ്ണൂരീന്ന് ബസ് കേറുമ്പോ ഓൻ സ്കൂള് കാണണമെന്ന് വിചാരിക്കും പക്ഷേ.. ഉറങ്ങും. പോയ കാലത്തിന്റെ സ്മരണയിൽ അധിക നേരം നിന്നില്ല. വീണ്ടും കണ്ണടച്ചു..ഉറക്കം ബല്ലാത്ത ഉറക്കം.
കണ്ണപുരംറെയിൽവേ സ്റ്റേഷനെത്തും മുമ്പ് പതിവ് പോലെ ഞെട്ടി. ഇറങ്ങേണ്ടിടം കഴിഞ്ഞ് പോയോ എന്ന് പതിവ് പോലെ വേവലാതിപ്പെട്ടു. പണ്ടൊരിക്കൽ ഉറങ്ങിപ്പോയി രണ്ട് സ്റ്റോപ്പ് അപ്പുറം പോയിറങ്ങിയതും തിരിച്ച് പെരുമഴയത്ത് നനഞ്ഞ് നടന്നതും ഒരു കാളലോടെ ഓർത്തു.. വാദ്യവും വലിച്ചെടുത്ത് എണീറ്റപ്പോൾ ഒന്ന് നില തെറ്റി. ഭാരം ഇത്രയും നേരം വച്ചതിന്റെ ഫലം. കാലറിയുന്നില്ല.
ഇറങ്ങി വച്ച് പിടിച്ചു. തരിച്ച കാല് നടത്തത്തിൽ പിണങ്ങി. പിന്നെ ഇണങ്ങി., ചെയ്ത് തീർക്കാത്ത അസൈൻമെന്റുകളും, എഴുതാനുള്ള ഹോം വർക്കും പഠിക്കാത്ത യൂണിറ്റ് ടെസ്റ്റും അപ്പോ മനസിൽ വന്നു. വീട്ടിലെത്തിയാൽ അപ്പ തന്നെ നോക്കുമെന്ന് മനസിലുറപ്പിച്ചു…എവിടെ വീട്ടിൽ ചെന്ന് വാദ്യം പടിഞ്ഞാറ്റത്തെ മേശപ്പുറത്ത് വച്ച്. ഉടുപ്പ് മാറ്റി. നന്നായി കാലും മുഖവും കഴുകി. ചായ മോന്തി കുടിച്ച് പുറത്തെറേത്ത് ഇരുന്ന് അവൻ ആകാശം നോക്കി…..
സ്വയം തോൽവിയെന്ന് ഒരു കാര്യവുമില്ലാതെ വിലയിരുത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ